Proverbs 26

1വേനൽകാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ

ഭോഷന്നു ബഹുമാനം പൊരുത്തമല്ല.
2കുരികിൽ പാറിപ്പോകുന്നതും മീവൽപക്ഷി പറന്നുപോകുന്നതുംപോലെ
കാരണം കൂടാതെ ശാപം പറ്റുകയില്ല.
3കുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാൺ,
മൂഢന്മാരുടെ മുതുകിന്നു വടി.
4നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു
അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു.
5മൂഢന്നു താൻ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന്നു
അവന്റെ ഭോഷത്വത്തിന്നു ഒത്തവണ്ണം അവനോടു ഉത്തരം പറക.
6മൂഢന്റെ കൈവശം വൎത്തമാനം അയക്കുന്നവൻ
സ്വന്തകാൽ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു.
7മൂഢന്മാരുടെ വായിലെ സദൃശവാക്യം
മുടന്തന്റെ കാൽ ഞാന്നു കിടക്കുന്നതുപോലെ.
8മൂഢന്നു ബഹുമാനം കൊടുക്കുന്നതു
കവിണയിൽ കല്ലു കെട്ടി മുറുക്കുന്നതുപോലെ.
9മൂഢന്മാരുടെ വായിലെ സദൃശവാക്യം
മത്തന്റെ കയ്യിലെ മുള്ളുപോലെ.
10എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും
മൂഢനെ കൂലിക്കു നിൎത്തുന്നവനും
കണ്ടവരെ കൂലിക്കു നിൎത്തുന്നവനും ഒരുപോലെ.
11നായി ഛൎദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും
മൂഢൻ തന്റെ ഭോഷത്വം ആവൎത്തിക്കുന്നതും ഒരുപോലെ.
12തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ?
അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.
13വഴിയിൽ കേസരി ഉണ്ടു, തെരുക്കളിൽ സിംഹം ഉണ്ടു
എന്നിങ്ങനെ മടിയൻ പറയുന്നു.
14കതകു ചുഴിക്കുറ്റിയിൽ എന്നപോലെ
മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.
15മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു;
വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം.
16ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും
താൻ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു.
17തന്നേ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ
വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.
18കൂട്ടുകാരനെ വഞ്ചിച്ചിട്ടു
അതു കളി എന്നു പറയുന്ന മനുഷ്യൻ
19തീക്കൊള്ളികളും അമ്പുകളും മരണവും
എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
20വിറകു ഇല്ലാഞ്ഞാൽ തീ കെട്ടു പോകും;
നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും.
21കരി കനലിന്നും വിറകു തീക്കും എന്നപോലെ
വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിന്നു കാരണം.
22ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെ;
അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
23സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും
വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.
24പകെക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു;
ഉള്ളിലോ അവൻ ചതിവു സംഗ്രഹിച്ചു വെക്കുന്നു.
25അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുതു;
അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പു ഉണ്ടു.
26അവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും
അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.
27കുഴി കുഴിക്കുന്നവൻ അതിൽ വീഴും;
കല്ലു ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും.
28ഭോഷ്കു പറയുന്ന നാവു അതിനാൽ തകൎന്നവരെ ദ്വേഷിക്കുന്നു;
മുഖസ്തുതി പറയുന്ന വായി നാശം വരുത്തുന്നു.
Copyright information for Mal1910